
ഹൈദരാബാദ്: പ്രസവത്തിനു ശേഷം ഒരുവർഷത്തിനിടെ 60 ലിറ്ററോളം മുലപ്പാൽ ദാനം ചെയ്തെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികളിലേക്കാണ് താരം മുലപ്പാൽ ദാനം ചെയ്തത്. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രസവത്തിന് ശേഷമുള്ള ഒരു വർഷക്കാലം ഈ ദൗത്യം തുടർന്നതായും അവർ വ്യക്തമാക്കി. ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികളിലെ എൻഐസിയുവിൽ ചികിത്സയിൽ കഴിയുന്ന നവജാത ശിശുക്കൾക്കാണ് ഈ മുലപ്പാൽ നൽകിയത്. എന്തുകൊണ്ടാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും ജ്വാല വിശദീകരിച്ചു. “100 മില്ലി മുലപ്പാൽ പോലും ഒരു കിലോ ഭാരമുള്ള കുഞ്ഞിന് ദിവസങ്ങളോളം പോഷകമായി ഉപയോഗിക്കാം. എൻഐസിയുവിൽ കഴിയുന്ന നിരവധി കുഞ്ഞുങ്ങൾക്ക് ഇത് വലിയ സഹായമാകും,” എന്നാണ് അവർ കുറിച്ചത്.
ചികിത്സാ പ്രശ്നങ്ങൾ കാരണം പല നവജാത ശിശുക്കൾക്കും സ്വന്തം അമ്മമാരുടെ മുലപ്പാൽ ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നുവെന്നും, ദാനം ചെയ്യുന്ന മുലപ്പാൽ രോഗപ്രതിരോധ ശേഷിയും ആവശ്യമായ പോഷകങ്ങളും നൽകുന്നതിൽ നിർണായകമാണെന്നും ജ്വാല പറഞ്ഞു. അടുത്തുള്ള സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ടു കൂടുതൽ പേർ മുലപ്പാൽ ദാനത്തിനായി മുന്നോട്ട് വരണമെന്നും അവർ അഭ്യർഥിച്ചു. ജ്വാലയുടെ പ്രവർത്തനത്തെ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ അഭിനന്ദിച്ചു.










